തൊടുപുഴ: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഇല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ എസ്ഐടി സംഘം പ്രവര്‍ത്തിക്കുന്നത് കോടതി നിര്‍ദേശപ്രകാരമാണ്. സര്‍ക്കാര്‍ അന്വേഷണസംഘത്തെ നിയമിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കി ഇതുവരെ എസ്ഐടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
പുതിയ ടീമിനെ നിയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതിനുശേഷം തീരുമാനിക്കേണ്ട കാര്യങ്ങളാണ്. പുതിയ ടീമിനെ വേണമെങ്കില്‍ വയ്ക്കാമെന്ന് കെ. മുരളീധരന് പറഞ്ഞത് ഈ അര്‍ഥത്തിലാണെന്നും ഇതിനെ അഭിപ്രായവ്യത്യാസമായി കാണേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇടുക്കിയിലെ ഒരു കൈയേറ്റവും അംഗീകരിക്കില്ലെന്നും ചൊക്രമുടിയിലെ കൈയേറ്റം പുറത്തുവന്നത് താന്‍ സന്ദര്ശിച്ചശേഷമാണെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ കൈയേറ്റത്തിനെതിരായ നടപടികള്‍ വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോയില്ല. ഇവിടം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ്. ഇതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥര്‍ കാലാവധി കഴിഞ്ഞതിനാലാണ് നടപടി നേരിട്ടശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം വേണമോയെന്നത് പരിശോധിച്ച് തീരുമാനമെടുക്കുകയും കൈയേറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും ചെയ്യും.
ലഹരിക്കെതിരേ സംസ്ഥാന സര്‍ക്കാരിന്റെ ഓപ്പറേഷന് തൂഫാന് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കിയുടെ ഭൂപ്രകൃതിയനുസരിച്ച് പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.